വിദ്യാഭ്യാസം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സെന്റ് തെരേസാസ്
1886-ല്‍ നിലവില്‍വന്ന വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലെയോനാര്‍ഡ് മെല്ലാനൊ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഫാദര്‍ കാന്‍ഡിഡസ് എന്ന കര്‍മ്മലീത്ത മിഷനറി വൈദികന്‍ സിസ്റ്റര്‍ ടെറിസ് എന്ന സന്യാസിനിയുടെ സഹകരണത്തോടെ 1887-ല്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്ഥാപിച്ച വിദ്യാലയമാണ് സെന്റ് തെരേസാസ്. അലീവിലാ സെന്റ് തെരീസയുടെ നാമധേയത്തിലുള്ള കോളേജിന് 75 വര്‍ഷത്തിലധികമുള്ള പാരമ്പര്യമുണ്ട്. കൊച്ചിയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ വനിത കോളേജുമായ സെന്റ് തെരേസാസ് 1925-ലാണ് ആരംഭിച്ചത്. സേവന ശൂശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച മദര്‍ ഡിഗ്നയായിരുന്നു തെരേസാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍
സെന്റ് ആല്‍ബര്‍ട്സ്
1892 ഫെബ്രുവരി ഒന്നാം തിയതി തുമ്പപറമ്പ് എന്നറിയപ്പെട്ടിരുന്ന സഥലത്താണ് ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത്. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് എന്ന കലാലയത്തിന്റെ പ്രശസ്തിയില്‍ എത്തി നില്‍ക്കുകയാണ് ഇന്ന് തുമ്പപറമ്പ്. 31 വിദ്യാര്‍ത്ഥികളോടു കൂടെ തുടങ്ങിയ പ്രൈമറി വിദ്യാലയം തന്നെയാണ് ഇന്നത്തെ സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ , സെന്റ് ആല്‍ബര്‍ട്സ് കോളേജ് എന്നീ സ്ഥാപനങ്ങളായി മാറിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ലെയൊനാര്‍ഡ് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1892-ലാണ് സെന്റ് ആര്‍ബര്‍ട്സ് ഹൈസ്കൂള്‍ സ്ഥാപിച്ചത്. ഗോഥിക് ശില്പകലാ ശൈലിയിലാണ് സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1946 ജൂലൈ 16-ന് സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിന്റെ കെട്ടിടങ്ങളിലായി സെന്റ് ആല്‍ബര്‍ട്സ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി നിയമസഭ സ്പീക്കറായിരുന്നു എം എല്‍ പൈലിയായിരുന്നു ആല്‍ബര്‍ട്സിന്റെ ആദ്യ പ്രിന്‍സിപ്പല്‍
കൊച്ചിന്‍ കോളേജ്
1967 ജൂലൈ 15-നാണ് കൊച്ചിന്‍ കോളേജ് സ്ഥാപിച്ചത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മട്ടാഞ്ചേരി മുന്‍സിപ്പല്‍ കൌണ്‍സില്‍ രുപീകരിച്ച കൊച്ചിന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയാണ് കൊച്ചിന്‍ കോളേജ് രൂപീകരണത്തിന് മുന്‍കൈ എടുത്തത്. കൊച്ചി പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ ഒന്നാണ് കൊച്ചിന്‍ കോളേജ്. പ്രിന്‍സിപ്പലും അഡ്മിനിസ്ട്രേറ്റീവ് സമിതിയുമാണ് കോളേജ് ഭരണം നടത്തുന്നത്. പി സി ജോര്‍ജ്, ആവികിലികാര്‍ എന്നിവരായിരുന്നു ആദ്യകാല പ്രിന്‍സിപ്പല്‍മാര്‍ . കൊച്ചിന്‍ കോര്‍പ്പറേഷന്റെ സ്ഥലത്താണ് ഇന്നത്തെ കോളേജ്. നഗരസഭാ മേയറും ഡെപ്യൂട്ടി മേയറും കോളേജ് മാനേജ്മെന്റില്‍ പങ്കാളികളായിരിക്കും.

അക്വിനാസ് കോളേജ് - ഇടക്കൊച്ചി
1981-ല്‍ ഫോര്‍ട്ടുകൊച്ചിയിലാണ് അക്വിനാസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തോപ്പുംപടി മുതല്‍ ചേര്‍ത്തല വരെയുള്ള പിന്നോക്ക മേഖലയിലെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമാണ് അക്വിനാസ് കോളേജ്. ഡോ:പി.എം.ജോസഫ് ആയിരുന്നു അക്വിനാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍
എസ്.എച്ച്.കോളേജ്, തേവര (സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര)
സി.എം.ഐ സഭ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വന്തമായ ഒരു സ്ഥാപനം എന്ന ലക്ഷ്യത്തോടെ റവ: ഫാദര്‍ ജോണ്‍ ബെര്‍ക്മാന്‍ , ഫാ: ഫ്രാന്‍സിസ് സെയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തേവര കോളേജിന്റെ തുടക്കം. 1944 ജൂണ്‍ 16-ാം തീയതി കോളേജ് പ്രവര്‍ത്തനം തുടങ്ങി. റവ:ഫാദര്‍ പീറ്റര്‍ തോമസ് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ . ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്ന കോളേജ് ഇന്ന് മിക്സഡ് കോളേജാണ്. രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രശസ്തരായ പലരേയും ഈ കോളേജ് സംഭാവന ചെയ്തിട്ടുണ്ട്.
എറണാകുളം ലോ കോളേജ്
1874-ല്‍ ഹിസ് ഹൈനസ് കോളേജിനോട് ചേര്‍ന്ന് ഒരു നിയമ പഠന വിഭാഗം തുടങ്ങാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് തീരുമാനിച്ചു. മദിരാശി സര്‍വ്വകലാശാലയുടെ നിയമ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് സൌകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 1894-ല്‍ നിയമ പഠന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. 1894-ല്‍ ഹിസ് ഹൈനസ്, ‘ദി മഹാരാജാ ലോ കോളേജ്’ എന്ന പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു കോളേജായി മാറി. തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ഡബ്ല്യു.റ്റി.എ.കോസ്ബി ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ .1931-ല്‍ മദ്രാസ് സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശപ്രകാരം മുവുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലോ കോളേജ് ആയി മാറി. സംസ്ഥാന പുന:സംഘടനയോടെ തിരുവിതാംകൂര്‍ - കൊച്ചിന്‍ ഹൈക്കോടതിക്കൊപ്പം മഹാരാജാസ് ലോ കോളേജും എറണാകുളത്തേക്കു മാറ്റി. 1957-ല്‍ കേരള സര്‍വ്വകലാശാലയുടെ കീഴിലും 1983 മുതല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത്.
മഹാരാജാസ്
1845-ല്‍ ദിവാന്‍ ശങ്കരവാര്യരുടെ കാലത്ത് തുടങ്ങിയതാണ് എച്ച്.എസ്. ദി രാജാസ്. എഫ്.എസ്.സീലി എന്ന ഇംഗ്ലീഷുകാരന്‍ 1865-ല്‍ സ്ക്കൂളിന്റെ പ്രിന്‍സിപ്പലായി. 1870-ല്‍ സ്കൂള്‍ ഇന്നത്തെ ജനറല്‍ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റി. ശങ്കുണ്ണി മേനോന്‍ ദിവാനായപ്പോള്‍ സ്ക്കൂള്‍ കോളേജാക്കി ഉയര്‍ത്തി. അങ്ങനെ 1875-ല്‍ എറണാകുളം കോളേജ് സ്ഥാപിതമായി. അക്കൊല്ലം തന്നെ എഫ്.എ.ക്ലാസ് ആരംഭിച്ചു. ഈ എഫ്.എ.ക്ലാസാണ് പിന്നീട് ഇന്റര്‍മീഡിയറ്റും പ്രീഡിഗ്രിയുമായി മാറിയത്. 1899-ല്‍ പ്രിന്‍സിപ്പലായി വന്ന ക്രൂക്ക് ഷാങ്ക് സീലി പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1925-ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോഴാണ് കോളേജനിന് മഹാരാജാസ് എന്ന് പുനര്‍നാമകരണം ചെയ്തത്. 18 ഭാഷകള്‍ അറിയാമായിരുന്ന എന്‍ വി രാമസ്വാമി അയ്യര്‍ എന്ന മഹാപണ്ഡിതനടക്കം ഒട്ടേറെ പ്രഗല്‍ഭരെ കൊച്ചിക്കു പരിചയപ്പെടുത്തിയ സ്ഥാപനമാണ് മഹാരാജാസ്. യു.ആര്‍ വെങ്കിടേശ്വരയ്യര്‍ ആയിരുന്നു ആദ്യത്തെ ഇന്ത്യന്‍ പ്രിന്‍സിപ്പല്‍

കുസാറ്റ് (കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി)
1971-ലാണ് കൊച്ചി സര്‍വ്വകലാശാല രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക വാണിജ്യ വ്യവസായ പഠന ശാഖകളുടെ ബിരുദാനന്തര ഗവേഷണതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച എന്ന ലക്ഷ്യത്തോടെ 1971-ലാണ് കൊച്ചി സര്‍വ്വകലാശാല രൂപീകരിച്ചത്. അതിനുമുമ്പ് കേരള സര്‍വ്വകലാശാലയുടെ എറണാകുളം കേന്ദ്രമാണ് ഇവിടെയുണ്ടായിരുന്നത്. 1986-ലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെട്ടത്. പ്രൊ: ജോസഫ് മുണ്ടശ്ശേരിയായിരുന്നു സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ . ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്കാണ് സര്‍വ്വകലാശാല ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഇന്ന് വിദേശ ഭാഷാ വകുപ്പുകള്‍ സര്‍വ്വകലാശാലയിലുണ്ട്. ആകെ ഇരുപത്തി ഏഴോളം സര്‍വ്വകലാശാലയുടെ കീഴിലുണ്ട്. 180 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസില്‍ നിന്ന് അമേരിക്കയുമായി സഹകരിച്ച് സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
ആര്‍ എല്‍ വി തൃപ്പൂണിത്തുറ
രാധാലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് കൊച്ചിയുടെ കലാകേദാരമാണ്. സംഗീതലോകത്ത് വെന്നിക്കൊടി പാറിച്ച കെ.ജെ.യേശൂദാസില്‍ തുടങ്ങി പല സംഗീത പ്രതിഭകളും ആര്‍ എല്‍ വി യുടെ സന്തതികളാണ്. കേരള വര്‍മ്മ രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ പത്നിയായ കോലോത്ത് ലക്ഷ്മിക്കുട്ടി നേത്യാരമ്മ മുന്‍കൈ എടുത്താണ് ഈ കലാ പഠനകേന്ദ്രം സ്ഥാപിച്ചത്. ലക്ഷ്മികുട്ടിയമ്മയുടെ ഇളയമകളായ രാധയുടെ പേര്‍ കോര്‍ത്തിണക്കിയാണ് രാധാലക്ഷ്മി വിലാസം എന്ന പേര്‍ സ്വീകരിച്ചത്. തുടക്കം ഫൈന്‍ ആര്‍ട്സ് സ്ക്കൂള്‍ എന്ന നിലയിലായിരുന്നു. 1942-ല്‍ കേരളവര്‍മ്മ രാജാവായപ്പോള്‍ കൊച്ചി ഗവണ്‍മെന്റ് ആര്‍ എല്‍ വി ഏറ്റെടുത്തു. 1956-ല്‍ സ്ഥാപനം സര്‍ക്കാരിനു കൈമാറി പിന്നീട് ആര്‍ എല്‍ വി സംഗീത അക്കാദമി രൂപീകരിച്ചു. 1998-ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിക്കുകയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു.
ഭാരതീയ വിദ്യാഭവന്‍
1970 ആഗസ്റ്റ് 17-നാണ് ഭാരതീയ വിദ്യാഭവന്‍ കേരള കേന്ദ്രത്തിന് ഹരിശ്രീ കുറിച്ചത്. ചിറ്റൂര്‍ റോഡിലെ വാടക കെട്ടിടത്തിലാണ് വിദ്യാഭവന്‍ ആരംഭിച്ചത്. വിദ്യാഭവന്റെ 14-ാമത് കേന്ദ്രമായിരുന്ന ഇത്. 1972-ല്‍ ടി.ഡി.റോഡിലേക്ക് മാറ്റി സ്ഥാപിച്ചു. സംഗീതം, സംസ്കൃതം, ഗീത എന്നിവയും ജേര്‍ണലിസം, മാര്‍ക്കറ്റിംഗ് എന്നിവയില്‍ പിജി ഡിപ്ലോമ ക്ലാസുകളും ഇവിടെയുണ്ട്. ഇന്‍ഡസ്ട്രിയന്‍ റിലേഷന്‍ , പബ്ലിക് റിലേഷന്‍ , അഡ്വര്‍ടൈസിംഗ് എന്നിവയില്‍ പിജി ഡിപ്ലോമയും നടത്തിവരുന്നു. കൊച്ചി നഗരത്തില്‍ അഞ്ചോളം പ്രധാന സ്കൂളുകള്‍ ഭാരതീയ വിദ്യാഭവന് ഇന്നുണ്ട്. കൊച്ചിയിലെ വിദ്യാഭവന്‍ സമുച്ചയത്തിന്റെ സ്ഥാപക സെക്രട്ടറിയാണ് ആര്‍ വാസുദേവന്‍ പിള്ള.
ചിന്മയാ വിദ്യാലയം
1971-ല്‍ വടുതലയിലാണ് ചിന്മയാ വിദ്യാലയം തുടങ്ങിയത്. ചിന്മയാനന്ദ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനം അത്യാധുനിക സൌകര്യങ്ങളോടെ സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു. കലാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഭാരതാര്‍ച്ചന എന്ന ഒരു വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഥകളി, കര്‍ണാടിക് സംഗീതം എന്നീ കലകള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. കോളേജ് വിഭാഗമായ ‘ചിന്മയാ വിദ്യാ പീഠം’ എറണാകുളം വാരിയം ലൈനില്‍ പ്രവര്‍ത്തിക്കുന്നു.
 |