പൊതുവിവരങ്ങള്‍ ..... ചരിത്രം ..... കല-സംസ്കാരം ..... സാഹിത്യം ..... സിനിമ ..... സ്ഥാപനങ്ങള്‍ ..... വിദ്യാഭ്യാസം

വ്യക്തികള്‍ ... സാമൂഹ്യം, രാഷ്ട്രീയം
... കായികം ... ടൂറിസം ... ആരാധനാലയങ്ങള്‍ ... തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ...പൌരാവകാശരേഖ


About Cochin

കൊച്ചിയും ബഷീറും

കൊച്ചിയും ജിയും

ചങ്ങമ്പുഴ കൃഷ്ണപിള്ള

കൊങ്കണി ഭാഷയും പുരുഷോത്തമ മല്ലയ്യയും

വൈലോപ്പിള്ളി ശ്രീധര മേനോന്‍

ഇടപ്പള്ളി രാഘവന്‍ പിള്ള

സാഹിത്യം

സാഹിത്യകാരന്‍മാര്‍

കൊച്ചിയും ബഷീറും

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിഖ്യാത സാഹിത്യകാരന്‍ ‘പോലീസിന്റെ മകള്‍ ’ എന്ന ആദ്യ കഥാസമാഹാരം നിറച്ച സഞ്ചിയുമായി കൊച്ചിയിലെ വഴികളിലൂടെ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇക്കാലത്ത് കൊച്ചിന്‍ ബേക്കറിയുടെ വരാന്തയില്‍ സ്വന്തം ബുക്ക് സ്റ്റാള്‍ ആരംഭിച്ചു. കൊച്ചിന്‍ ബേക്കറിയുടെ വരാന്തയില്‍ നിന്ന് ബോട്ടുജട്ടിയിലേക്ക് ബുക്ക് സ്റ്റാള്‍ മാറ്റിയപ്പാള്‍ സര്‍ക്കിള്‍ ബുക്ക് ഹൌസ് എന്നാക്കി മാറ്റി. സര്‍ക്കിള്‍ ബുക്ക് ഹൌസാണ് ബഷീര്‍സ് ബുക്ക് സ്റ്റാള്‍ എന്ന പേരില്‍ പ്രസ്സ് ക്ലബ് റോഡില്‍ പിന്നീട് നടത്തിയിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കാവുന്ന ഒരു നഗരമാണ് എറണാകുളം. 20 വര്‍ഷത്തെ ‘ശറപറ’ എഴുത്ത് എറണാകുളത്ത് ജീവിച്ചിരുന്ന കാലത്താണ് നടത്തിയത്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരു കുടുംബമാണ് കൊച്ചിന്‍ ബേക്കറിക്കാരുടേത്. ബഷീര്‍ , കെയര്‍ ഓഫ് കൊച്ചിന്‍ ബേക്കറി എന്ന പഴയകാല വിലാസം പ്രസിദ്ധമാണ്. ‘നീണ്ട കഴുത്ത് ’ എന്ന കഥയിലെ നായര്‍ പെണ്‍കുട്ടി ചട്ടുകാലി, വേശ്യ എന്നീ കഥാപാത്രങ്ങളെല്ലാം കൊച്ചിയുടെ തെരുവുകളില്‍ നിന്നും വാര്‍ത്തെടുത്ത കഥാപാത്രങ്ങളാണ്.

കൊച്ചിയും ജിയും

കാലടിക്കടുത്ത് നായത്തോടു ഗ്രാമത്തില്‍ ജനിച്ച ശങ്കരക്കുറുപ്പിന്റെ കര്‍മ്മ മേഖല മുഴുവനും കൊച്ചി നഗരത്തിലായിരുന്നു. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നത് കൊച്ചി നിവാസികളുടെ മാത്രമല്ല മലയാള പ്രേമികളുടെ മഹാഭാഗ്യമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്. 1950-ല്‍ മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ അധ്യയന രീതിയില്‍ ആകൃഷ്ടരായി മാത്രം ധാരാളം പേര്‍ മലയാളം ഐച്ഛികമായി പഠിക്കാന്‍ തുടങ്ങി.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യഭാവനകള്‍ കൊണ്ട് അനുഗ്രഹീതമായ നഗരമാണ് കൊച്ചി. ഇടപ്പള്ളി എന്ന പ്രദേശം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും പേരുകൊണ്ട് ലോകപ്രശസ്തി ആര്‍ജ്ജിച്ച ഒരിടമാണ്. അപാരമായ വായന ശീലത്തിനുദാഹരണമാണ് അദ്ദേഹത്തിന്റെ ഹോം ലൈബ്രറി. പ്രശസ്ത കൃതിയായ രമണന്‍ മനസ്സിലേന്തി നിരവധി ആളുകള്‍ ഇന്നും ഇടപ്പള്ളിയിലെത്തുന്നു. കവിതയെഴുതാന്‍ തൂവല്‍ എടുക്കുമ്പോള്‍ മാത്രം കവിയാകുന്നുള്ളു എന്നും ഒരു പ്രാക്ടിക്കല്‍ മനുഷ്യനായി ജീവിക്കണം എന്ന അഭിപ്രായം കൊണ്ടു നടക്കുമ്പോഴും സ്ത്രീ വിഷയത്തില്‍ അമിതമായി മുഴുകിയോ എന്ന ഒരു കുറ്റബോധം പണ്ട് അദ്ദേഹം വെളിപ്പെടുത്തുകയായി. തന്റെ ആരാധികമാരെ വെറും കൈയോടെ തിരിച്ചയക്കാനുള വിമുഖത കൊണ്ടാണ് ഇതു സംഭവിച്ചതെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ചങ്ങമ്പുഴയുടേയും ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും സൌഹൃദം മലയാള സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമാണ്. ‘രമണന്‍ ’ എന്ന കാവ്യം വില്‍പനക്കായി ഇറക്കി അഭുതപൂര്‍വ്വമായ നേട്ടംകൈവരിച്ചു. ജീവിത നൈരാശ്യവും വേദനയുമായി കറെകാലം അലഞ്ഞു നടന്ന അദ്ദേഹം 1948 ജൂണ്‍ മാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. ചങ്ങമ്പുഴയുടെ ഓര്‍മ്മകള്‍ പേറുന്ന സ്മൃതി മണ്ഡപവും പാര്‍ക്കും ഇന്നും ഇടപ്പള്ളിയിലുണ്ട്.

കൊങ്കണി ഭാഷയും പുരുഷോത്തമ മല്ലയ്യയും

കവി, ചരിത്രകാരന്‍ , വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പുരുഷോത്തമ മല്ലയ്യ കൊങ്കണി ഭാഷയുടെ എല്ലാമെല്ലാമാണ്. കൊങ്കണി ഭാഷയെ ഭരണഘടനയുടെ 8ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മല്ലയ്യ. കൊങ്കണി ഭാഷക്ക് സ്വന്തമായൊരു അസ്തിത്വമുണ്ടെന്നു സ്ഥാപിച്ചത് ഇദ്ദേഹമാണ്. കൊച്ചിയില്‍ കൊങ്കണി ഭാഷാ പ്രചാരസഭ സ്ഥാപിച്ചു. സഭയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു മല്ലയ്യ. 1975-ല്‍ കൊങ്കണി സ്വതന്ത്ര ഭാഷയായി കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചു. ദേവനാഗരി ലിപി ഔദ്യോഗിക ലിപിയായി. ഇംഗ്ലീഷ് ഭാഷയില്‍ 5 പുസ്തകങ്ങളും കൊങ്കണിയില്‍ 13 പുസ്തകങ്ങളും മല്ലയ്യയുടേതായിട്ടുണ്ട്. 1979-ല്‍ സ്മരണാഞ്ജലി എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആസ്ഥാനമായ കൊങ്കണി സാഹിത്യ അക്കാദമിയുടെ കൊങ്കണി വികാസ് എന്ന മാഗസിന്റെ പത്രാധിപരായിരുന്നു. 1294-ല്‍ ഗോവ തീരത്തു നിന്നു പലായനംചെയ്ത കൊങ്കണി സമൂഹത്തെ കൊച്ചിയില്‍ കണ്ടെത്തിയ ചരിത്ര രേഖകള്‍ വളരെ പ്രസിദ്ധമാണ്. ഒപ്പം മട്ടാഞ്ചേരിക്കാരനായി കൊങ്കണി ഭാഷക്കുവേണ്ടി പ്രയത്നിച്ച മല്ലയ്യയും.

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഇന്നത്തെ കലൂരാണ് വൈലോപ്പിള്ളിയുടെ ദേശം. താന്‍ വളര്‍ന്നു വന്ന സാഹചര്യത്തിന്റെ പരിമിതികള്‍ നാടിന്റെ ചിത്രം വിശദീകരിച്ചുകൊണ്ടാണ് കവി എടുത്തു കാണിക്കുന്നത്. രണ്ടു ക്ഷേത്രങ്ങളാണ് ഈ ദേശത്തുണ്ടായിരുന്നത് . ചേരാത്യക്കല്‍ ക്ഷേത്രവും പാവക്കുളം ക്ഷേത്രവും. കലൂരിന് കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും അടുത്തുള്ള ഇടപ്പള്ളിയുമായി പണ്ടുമുതലേ ഒരു സൌഹ്യദം ഉണ്ടായിരുന്നു. നല്ല ക്ഷേത്രങ്ങളും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും കഥകളിയും തമ്പുരാന്റെ കോവിലകത്തെ ചുറ്റിപറ്റി വിദ്വാന്മാരുടെ ഒരു മണ്ഡലവും അതിനപ്പുറം നാട്ടുകാരായ യുവാക്കളുടെ ഒരു സാഹിത്യ സമാജവും ഇവിടെ നിലനിന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കവികള്‍ക്കും മത്സരിക്കാനും വളരാനും ഇത് സഹായകമായി.

ഇടപ്പള്ളി രാഘവന്‍ പിള്ള

കൊച്ചിയിലും ഇടപ്പള്ളിയിലും വിഷാദം നിറഞ്ഞ കവിതകള്‍ പരസ്പരം ചൊല്ലി കേള്‍പ്പിച്ച് നടന്നിരുന്ന രണ്ടു വ്യക്തികളായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവന്‍ പിള്ളയും. ‘മണിമുഴക്കം’ എന്ന കാവ്യസൃഷ്ടി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ അമൂല്യ കാവ്യസൃഷ്ടികളില്‍ ഒന്നാണ്. മലയാള സാഹിത്യ ലോകത്ത് ഇടപ്പള്ളി എന്ന സ്ഥലത്തിന് പ്രശസ്തി നേടികൊടുത്തത് രാഘവന്‍ പിള്ളയാണെന്നു പറയാം. ചങ്ങമ്പുഴയുടെ രമണനിലൂടെ ജനലക്ഷങ്ങളുടെ വിഷാദ കഥാപാത്രമായി മാറിയ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡുകൂടെ ഇന്നുണ്ട്. ദേവന്‍ കുളങ്ങരയില്‍ നിന്ന് പുന്നയ്ക്കലേക്കുള്ള റോഡിന് ഇടപ്പള്ളി രാഘവന്‍ പിള്ള എന്നാണ് പേര്. ‘തുഷാരഹാരം’, ‘ഹൃദയ സ്മിതം’ എന്നീ പല നല്ല കവിതകളും അദ്ദേഹത്തിന്റേതായുണ്ട്.

പൊതുവിവരങ്ങള്‍ : ചരിത്രം : കല-സംസ്കാരം : സാഹിത്യം : സിനിമ : സ്ഥാപനങ്ങള്‍ : വിദ്യാഭ്യാസം : വ്യക്തികള്‍ : സാമൂഹ്യം, രാഷ്ട്രീയം
കായികം : ടൂറിസം : ആരാധനാലയങ്ങള്‍ : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ : പൌരാവകാശരേഖ
© Information Kerala Mission, Thiruvananthapuram, Phone: 0471-2595832, e-mail: ikm@infokerala.org, www.infokerala.org