പൊതുവിവരങ്ങള്‍ ..... ചരിത്രം ..... കല-സംസ്കാരം ..... സാഹിത്യം ..... സിനിമ ..... സ്ഥാപനങ്ങള്‍ ..... വിദ്യാഭ്യാസം

വ്യക്തികള്‍ ... സാമൂഹ്യം, രാഷ്ട്രീയം
... കായികം ... ടൂറിസം ... ആരാധനാലയങ്ങള്‍ ... തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ...പൌരാവകാശരേഖ


About Cochin

കൊച്ചി നിയമ നിര്‍മ്മാണ സഭ

ആദ്യ സമ്മേളനത്തിന് ഹാജരായ കൊച്ചി നിയമസഭാംഗങ്ങള്‍

സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍


കൊച്ചി നിയമ നിര്‍മ്മാണ സഭ

രാജഭരണം ജനകീയ ഭരണത്തിന് വഴി മാറിയതോടെയാണ് കൊച്ചിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിന് തുടക്കമായത്. 1925-ല്‍ കൊച്ചി നിയമ നിര്‍മ്മാണ സഭ നിലവില്‍ വന്നു.

‘കൊച്ചി മഹാജനസഭ’ 1918-ല്‍ ജനപ്രതിനിധികളെ ഭരണത്തില്‍ സജീവ പങ്കാളിയാക്കണമെന്നഭ്യര്‍ത്ഥിച്ച് മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചു. അക്കൊല്ലം തന്നെ, ഒക്ടോബറില്‍ തന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷാവസരത്തില്‍ പ്രജകളെ ഭരണകാര്യങ്ങളില്‍ പങ്കാളിയാക്കാനുള്ള തീരുമാനം (രാമവര്‍മ) മഹാരാജാവ് ഔപചാരികമായിപ്രഖ്യാപിച്ചു. പിന്നീട് ദിവാന്‍ വിജയരാഘവാചാര്യയുടെ മേല്‍നോട്ടത്തില്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതിയോടെ നിയമനിര്‍മാണസഭ (ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ) രൂപികരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. രാജവിളംബരം വഴി നക്കല്‍ നിയമാവലി 1921-ല്‍ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 1923 ആഗസ്റ്റ് ഒമ്പതിന് കൊച്ചിന്‍ സഭ രൂപീകരിക്കുന്നതിനുള്ള നിയമം നിലവില്‍ വന്നു. വിജയരാഘവാചാര്യയുടെ പിന്‍ഗാമിയായി ദിവാനായി നിയമിതനായ പി.നാരായണ മേനോന്റെ കാലത്താണ് ഇത് ഉണ്ടായത്. റഗുലേഷന്‍ നിയമ നിര്‍മ്മാണസഭയുടെ അംഗസംഖ്യ 30-ല്‍ കുറയരുതെന്നും 60-ല്‍ കൂടരുതെന്നും നിജപ്പെടുത്തി. മൂന്നില്‍ രണ്ട് ഭാഗത്തില്‍ കുറയാതെയുള്ള അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നവരും ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ.

ഭൂസ്വത്ത് അടിസ്ഥാനമാക്കിയാണ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശം നിശ്ചയിച്ചിരുന്നത്. കുറഞ്ഞ ഭൂനികുതി 10 രൂപ കൊടുക്കുന്നവര്‍ക്കും ബി.എ. ബിരുദമോ ഉപരി ബിരുദങ്ങളോ ഉള്ളവര്‍ക്കും അഞ്ച് രൂപയോ അതിലധികമോ മുന്‍സിപ്പല്‍ നികുതി കൊടുക്കുന്നവര്‍ക്കും 10 രൂപയോ അതിലധികമോ കരം കൊടുക്കുന്ന കാണക്കുടിയാന്മാര്‍ക്കും മാത്രമേ വോട്ടവകാശം നല്കിയിരുന്നുള്ളൂ. 21 വയസ്സായ സ്ത്രീ പുരുഷന്മാര്‍ക്കായിരുന്നു വോട്ടവകാശം. ഒരു കുടുംബം 10 രൂപയോ അതിലധികമോ നല്കിയാല്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും വോട്ടു ചെയ്യാം.

ദിവാനായിരുന്നു നിയമസഭയുടെ ഔദ്യോഗിക അദ്ധ്യക്ഷന്‍ . മുന്‍ വ്യവസ്ഥ പ്രകാരം ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു ആദ്യ നിയമസഭ. ജനങ്ങള്‍ തെരഞ്ഞെടുത്ത 30 പേരും ഗവണ്‍മെന്റ് നിശ്ചയിച്ച 15 പേരും ചേര്‍ന്ന് 45 അംഗ നിയമസഭ. ഇതില്‍ 23 പേര്‍ പൊതു മണ്ഡലങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ ഗ്രാമ മണ്ഡലങ്ങളില്‍ നിന്നും ആയിരുന്നു. എറണാകുളം, മട്ടാഞ്ചേരി, തൃശൂര്‍ എന്നീ പട്ടണങ്ങളായിരുന്നു പൊതുമണ്ഡലങ്ങള്‍

ജന്മികള്‍ , തോട്ടം ഉടമകള്‍ , വ്യാപാരി - വ്യവസായികള്‍ , മുസല്‍മാന്മാര്‍ , ജൂതന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക മണ്ഡലങ്ങളും ഉണ്ടായിരുന്നു. ഈഴവന്‍മാര്‍ക്ക് രണ്ട് പ്രത്യേക മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു വനിത നിയമ സഭാംഗമാകുന്നതും ഈ സഭയിലാണ് - തോട്ടയ്ക്കാട്ട് മാധവിയമ്മ.

1925 ഏപ്രില്‍ മൂന്നിന് (1100 മീനം 21 വെള്ളി) മഹാരാജാവ് നിയമസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസിലെ മുകളിലത്തെ നിലകളിലെ ദര്‍ബാര്‍ഹാളില്‍ വെച്ച് ഉച്ചക്ക് രണ്ടരക്കായിരുന്നു നിയമസഭയുടെ ഉദ്ഘാടനം. ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയായി സി.ഡബ്ല്യൂ.ഇ. കോട്ടന്‍ , ഇളയ മഹാരാജാവ്, പാലിയത്ത് വലിയ അച്ചന്‍ , തൃശൂര്‍ ബിഷപ്പ്, എറണാകുളം ബിഷപ്പ്, പ്രമുഖ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ , മഹാരാജാവിന്റെ ഭാര്യ വി.കെ.പാറുക്കുട്ടി നേത്യാരമ്മ തുടങ്ങിയവര്‍ ഹാളില്‍ സന്നിഹിതരായിരുന്നു. കൊട്ടാരത്തിലെ താഴത്തെ ഹാളില്‍ വെച്ച് കൌണ്‍സില്‍ പ്രസിഡണ്ട് ദിവാനും മറ്റ് അംഗങ്ങളും പ്രതിജ്ഞ ചെയ്ത ശേഷം മുകളിലത്തെ നിലയിലെ ദര്‍ബാര്‍ ഹാളിലേക്ക് ചെന്നു. നിയമസഭാംഗങ്ങളില്‍ ഡോ: എ.ആര്‍ മേനോന്‍ മാത്രമാണ് ഹാജരാകാതിരുന്നത്.

സമ്മേളനത്തിന്റെ ആദ്യം ദിവാന്‍ മഹാരാജാവിനെ പ്രസംഗിക്കാനായി ക്ഷണിച്ചു. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖവും സുഖകരവും ആയുള്ള അഭിവൃദ്ധിയില്‍ ഈ സഭ സഹായിയായിത്തീരാന്‍ കടാക്ഷമുണ്ടാകട്ടെ എന്ന ആശംസയോടെ മഹാരാജാവ് നിയമസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യ സമ്മേളനത്തിന് ഹാജരായ കൊച്ചി നിയമസഭാംഗങ്ങള്‍

സി.അച്യുതമേനോന്‍ , കെ.അച്യുതമേനോന്‍ , വി.കെ.അരവിന്ദാക്ഷമേനോന്‍ , ഒ.ആര്‍ ചുമ്മാര്‍ , ചാക്കോ ചെറുവത്തൂര്‍ , പി.ദാമോദരമേനോന്‍ , എ.ഗോവിന്ദമേനോന്‍, കെ.ഗോവിന്ദമേനോന്‍ , ഇ.ഇക്കണ്ട വാരിയര്‍ , ചേട്ടൂര്‍ അയ്യര്‍ , വി.കെ.കൊച്ചുണ്ണി മേനോന്‍ , എസ്.എസ്.കോഡര്‍ , എം.കോന്തുമേനോന്‍ , കെ.കൃഷ്ണമേനോന്‍ , എം.കൃഷ്ണമേനോന്‍ , വി.കെ.കൃഷ്ണമേനോന്‍ , പടിയത്ത് ഹൈദ്രോസ് ഹാജി കുഞ്ഞുമുഹമ്മദ്, ചിറലയാട്ട് അയിനിക്കുട്ടില്‍ കുഞ്ഞുണ്ണി രാജ, ലോനപ്പന്‍ ചാക്കോള, തോട്ടയ്ക്കാട്ട് മാധവിയമ്മ, സി.മത്തായി, മാത്യു കൊളാടി വടക്കൂട്ട്, പടിഞ്ഞാക്കരമുണ്ട വൈദ്യര്‍ , എസ്.എഫ്.ന്യൂണ്‍സ് ഇസാക്ക്, സി.എ.ഔസേപ്പ്, എന്‍ പത്മനാഭമേനോന്‍ , പൌലോമാമ്പിളലി, കെ.എസ്.രാമചന്ദ്ര അയ്യര്‍ , എല്‍ രാമന്‍ മേനോന്‍ , എം.കെ.രാമന്‍ , ടി.എ.രാമയഗ്ര അയ്യര്‍ , എ.ശങ്കരപ്പൊതുവാള്‍ , കപ്പിളങ്ങാട്ട് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി, എബ്രഹാം ബി സേലം എസ്ക്വയര്‍ , ഷേക്ക് അബ്ദുള്‍ ഖാദര്‍ സാഹിബ്, ഇ.സിംപ്സണ്‍ , വി.ബി.വൈദ്യനാഥ അയ്യര്‍ , ദിവാന്‍ ബഹദൂര്‍ വി.വര്‍ഗ്ഗീസ്, എം.ഐ.വര്‍ക്കി

പൊതുവിവരങ്ങള്‍ : ചരിത്രം : കല-സംസ്കാരം : സാഹിത്യം : സിനിമ : സ്ഥാപനങ്ങള്‍ : വിദ്യാഭ്യാസം : വ്യക്തികള്‍ : സാമൂഹ്യം, രാഷ്ട്രീയം
കായികം : ടൂറിസം : ആരാധനാലയങ്ങള്‍ : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ : പൌരാവകാശരേഖ
© Information Kerala Mission, Thiruvananthapuram, Phone: 0471-2595832, e-mail: ikm@infokerala.org, www.infokerala.org