പൊതുവിവരങ്ങള്‍ ..... ചരിത്രം ..... കല-സംസ്കാരം ..... സാഹിത്യം ..... സിനിമ ..... സ്ഥാപനങ്ങള്‍ ..... വിദ്യാഭ്യാസം

വ്യക്തികള്‍ ... സാമൂഹ്യം, രാഷ്ട്രീയം
... കായികം ... ടൂറിസം ... ആരാധനാലയങ്ങള്‍ ... തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ...പൌരാവകാശരേഖ


About Cochin

ഫുട്ബോള്‍ ചരിത്രം


കായിക രംഗം

കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയവും കായികരംഗത്ത് കൊച്ചിയുടെ പ്രാധാന്യം വിളിച്ചോതുന്ന സംരംഭങ്ങളാണ്. കേരളപ്പിറവിക്കുമുമ്പ് തന്നെ തൃപ്പൂണിത്തുറയും എറണാകുളവും ഭാരതത്തിന്റെ കായിക ഭൂപടത്തില്‍ സ്ഥാനം പിടിച്ച സ്ഥലങ്ങളാണ്. തൃപ്പുണിത്തുറയിലെ ക്രിക്കറ്റും എറണാകുളത്ത് സംഘടിപ്പിച്ചിരുന്ന ഫുട്ബോള്‍ മേളകളും കൊച്ചിയുടെ കായികരംഗത്തെ പഴമയെ എടുത്തുകാണിക്കുന്നു. 45 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യഹൂദരും ഇറാനികളും പാക്കിസ്ഥാനികളും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മഹാരാജാസ് കോളേജ് മൈതാനിയില്‍ ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളെ കോരിത്തരിപ്പിച്ച ജോണ്‍ ഓഫ് മാത, ആന്റോ ഡേവിഡ്, നൊറീന്‍ പാദുവ, ജെസി ഫിലിപ്പ് എന്നിവര്‍ കൊച്ചിയുടെ അഭിമാന താരങ്ങളാണ്. കൊച്ചി ജന്മമേകിയ ഇന്ത്യന്‍ ഹോക്കി താരമാണ് ദിനേഷ് നായിക്. സാം ക്രിസ്തുദാസ് എന്ന അതുല്യ പ്രതിഭക്കു പുറമെ സംഘാടകരും സ്പോര്‍ട്ട്സ് പ്രേമികളുമായിരുന്ന ഇസ്മയില്‍ അണ്ണന്‍ , വഗ്ഗീസ് ആശാന്‍ , ആര്‍ മാധവന്‍ നായര്‍ , ജോസഫ് ചാക്കോ, ഇ.എ.കെ.ശേഷാദ്രി, ടി.ഒ.അബ്ദുള്ള, എം.ദയാനന്ദ്, ടെന്നീസ് കോര്‍ട്ടുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റീസ് പി.ടി.രാമന്‍ നായര്‍ ,ജസ്റ്റീസ് പി.ഗോവിന്ദന്‍ നായര്‍ , ബാസ്ക്കറ്റ് ബോള്‍ സംഘാടകരായ പി.സി.ജോര്‍ജ്ജ്, പി.ജെ.സണ്ണി, ബില്യാര്‍ഡ്സ്, സ്നൂക്കര്‍ രംഗത്തെ കളിക്കാരനായ എം.എഫ്.മുണ്ടാടന്‍ എന്നിവരെല്ലാം കൊച്ചിയുടെ കായിക സമ്പത്താണ്.

ഫുട്ബോള്‍ ചരിത്രം

കേരളത്തില്‍ ഫുട്ബോളിന്റെ വരവും വളര്‍ച്ചയും കൊച്ചിയിലൂടെയാണ്. കേരള ഫുട്ബോളിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടം ഫോര്‍ട്ടുകൊച്ചിയിലാണ്. ഇവിടെയെത്തിയ വിദേശീയര്‍ ഫുട്ബോളിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. വെള്ളക്കാര്‍ മാത്രമടങ്ങിയ കൊച്ചിന്‍ ജിംഖാന, നാട്ടുകാരുടെ ടീമുകളായ കൊച്ചിന്‍ ബ്ലൂസ്, റോവേഴ്സ്, സ്റ്റേറ്റസ് ക്ലബ്, കൊച്ചിന്‍ ടൌണ്‍ സ്പോര്‍ട്ട്സ് ക്ലബ്, സൌദി ടീം, യങ്സ്റ്റേഴ്സ് ക്ലബ് എന്നിവ രൂപം കൊണ്ടു. കേരള ഫുട്ബോളില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ഈ ക്ലബുകളിലൂടെ ഉയര്‍ന്നുവന്നു. ഫെഡ് ഡിസൂസ, ജെയിംസ് വില്‍സണ്‍ , ഇ.ജെ.ഇഗ്നേഷ്യസ്, കെ.എം.അബു, എ.കെ.സിദ്ധാര്‍ത്ഥന്‍ , ടി.കെ.കമലാകരന്‍ , ജോസഫ് ജേക്കബ്, വി.ജെ.ക്ലീറ്റസ് തുടങ്ങിയവര്‍ കൊച്ചിയിലെ ആദ്യകാല ഫുട്ബോളിന്റെ താരങ്ങളാണ്. ബാരക്ക് ഗ്രൌണ്ടും (ഇന്നത്തെ പരേഡ് ഗ്രൌണ്ട്), സാന്താക്രൂസ് ഗ്രൌണ്ടുമായിരുന്നു അന്നത്തെ പ്രധാന കളിക്കളങ്ങള്‍ . 1935-ല്‍ ദിവാന്‍ സി.ജി.ഹെര്‍ബര്‍ട്ട് മഹാരാജാസ് മൈതാനം നിര്‍മ്മിച്ചതോടെ കൊച്ചിയിലെ ഫുട്ബോള്‍ കുതിപ്പുതുടങ്ങി. 1956-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയിലല്ലാത്ത ആദ്യ ക്ലബായ ഈഗിള്‍സ് ക്ലബ് ആരംഭിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയില്‍ നടന്നിരുന്ന ലുക്ക് സ്മാരക ടൂര്‍ണ്ണമെന്റ്, കെ.ജി.ജേക്കബ് സ്മാരക ടൂര്‍ണ്ണമെന്റ്, ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റി സെന്റിനറി ടൂര്‍ണ്ണമെന്റ് എന്നിവയില്‍ മോഹന്‍ ബഗാനും, ഈസ്റ്റ് ബംഗാളുമുള്‍പ്പടെയുള്ള നിരവധി പ്രമുഖ ക്ലബുകള്‍ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയുടെ മണ്ണില്‍ നടന്ന ആദ്യ ടൂര്‍ണ്ണമെന്റായ ശ്രീരാമവര്‍മ്മ ടൂര്‍ണ്ണമെന്റ് 1950-ല്‍ ആരംഭിച്ചു. 1955-ല്‍ കേരളമണ്ണിലെ ആദ്യ സന്തോഷ് ട്രോഫി കൊച്ചിയില്‍ അരങ്ങേറി. അന്നത്തെ കേരളാ ടീമില്‍ ഭൂരിഭാഗവും കൊച്ചിയിലെതന്നെ ഈഗിള്‍സ് ക്ലബിന്റെ കളിക്കാരായിരുന്നു. 1959-ല്‍ ഏഷ്യന്‍ കപ്പ് മേഖല ചാമ്പ്യന്‍ ഷിപ്പ് കൊച്ചിയില്‍ വന്നു. 1964 മുതല്‍ നെഹ്രു ട്രോഫി അഖിലേന്ത്യാ ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍ ആരംഭിച്ചു. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതും കൊച്ചിയില്‍ വച്ചാണ്. നിരവധി തവണ നെഹ്റുട്രോഫി രാജ്യാന്തര സ്വര്‍ണ്ണകപ്പ് ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍ നടന്നിട്ടുണ്ട്.

വ്യക്തികള്‍

ലൂക്ക് മാനുവല്‍

1930-ല്‍ കൊച്ചിന്‍ സ്പോര്‍ട്സ് ക്ലബിന്റെ സെന്റര്‍ ഹാഫ് ആയിരുന്നു ലൂക്ക് മാനുവല്‍ . 1934-ല്‍ കൊച്ചിന്‍ ബ്ലൂസ് എന്ന ക്ലബ് സ്ഥാപിച്ചു. ഈ ക്ലബ് നിരവധി ടൂര്‍ണ്ണമെന്റുകളില്‍ വിജയിച്ചിട്ടുണ്ട്. കൊച്ചിയില്‍ അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കളിക്കാര്‍ വളര്‍ന്നത് ലൂക്കിന്റെ ശിക്ഷണത്തിലാണ്. ബ്രിട്ടീഷ് ടീമുമായി പരേഡ് ഗ്രൌണ്ടില്‍ നടന്ന മല്‍സരത്തില്‍ പരിക്കുപറ്റി ഫുട്ബോളില്‍ നിന്നു വിടവാങ്ങി.

കോണ്‍സ്റ്റന്റൈന്‍ മാനുവല്‍

കേരളത്തിനു പുറത്തുള്ള ഒരു ക്ലബിനുവേണ്ടി കളിച്ച ആദ്യമലയാളി താരമാണ് കോണ്‍സ്റ്റന്റൈന്‍ മാനുവല്‍ . ബോംബെയിലെ ‘ട്രയ്സ്സ്’ ക്ലബിനു വേണ്ടി കളിച്ച കൊച്ചിന്‍ സ്പോര്‍ട്ട്സ് ക്ലബിലൂടെയാണ് കളി തുടങ്ങിയത്. ലൂക്ക് മാനുവലിന്റെ അനുജനാണ് കോണ്‍സ്റ്റന്റൈന്‍

ടി എ ജാഫര്‍

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ഉപനായകന്‍ . പിന്നീട് 92-ലും, 93-ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകന്‍ ആയിരുന്നു. നിരവധി ടൂര്‍ണ്ണമെന്റുകള്‍ നേടിയ പ്രീമിയര്‍ ടയേഴ്സ് ടീമിന്റെ നായകനായിരുന്നു. ഫോര്‍ട്ടുകൊച്ചിയാണ് ജന്മദേശം.

സേവ്യര്‍ പയസ്

നിരവധി തവണ രാജ്യത്തിന്റെ ജേഴ്സിയണിഞ്ഞിട്ടുള്ള സ്ട്രൈക്കര്‍ . പ്രീമിയര്‍ ടയേഴ്സിനും, മോഹന്‍ ബഗാനും വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കേരളത്തേയും, ബംഗാളിനെയും പ്രതിനിധാനം ചെയ്തിട്ടുണ്ട്. ജന്മദേശം ഫോര്‍ട്ടുകൊച്ചി.

കെ പി വില്യംസ്

1973-ലെ കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഫോര്‍വേഡാണ് വില്യംസ്. കേരളത്തിന്റെ നായകനായിട്ടുണ്ട്. പ്രീമിയര്‍ ടയേഴ്സിനും, ഫാക്ടിനും വേണ്ടി കളിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ച വില്യംസ് 1975-ല്‍ കളിക്കിടെ പരിക്കേറ്റ് ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചു.

പൊതുവിവരങ്ങള്‍ : ചരിത്രം : കല-സംസ്കാരം : സാഹിത്യം : സിനിമ : സ്ഥാപനങ്ങള്‍ : വിദ്യാഭ്യാസം : വ്യക്തികള്‍ : സാമൂഹ്യം, രാഷ്ട്രീയം
കായികം : ടൂറിസം : ആരാധനാലയങ്ങള്‍ : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ : പൌരാവകാശരേഖ
© Information Kerala Mission, Thiruvananthapuram, Phone: 0471-2595832, e-mail: ikm@infokerala.org, www.infokerala.org